10:46am 29 August 2026
NEWS
ഇടതുമുന്നണി തുടർച്ചയായി പത്തുവർഷം ഭരിച്ചത് നേതൃത്വം നൽകിയവന്റെ ഗുണവും കഴിവും കാരണമെന്ന് വെള്ളാപ്പള്ളി
29/08/2026  06:42 AM IST
nila
ഇടതുമുന്നണി തുടർച്ചയായി പത്തുവർഷം ഭരിച്ചത് നേതൃത്വം നൽകിയവന്റെ ഗുണവും കഴിവും കാരണമെന്ന് വെള്ളാപ്പള്ളി

പറവൂർ: കേരളത്തിൽ ഇടതുമുന്നണി തുടർച്ചയായി പത്തുവർഷം ഭരിച്ചതിന് പിന്നിൽ നേതൃത്വം നൽകിയവന്റെ ഗുണവും കഴിവുമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നാം ഊഴം ലഭിക്കാതെ പോയതിന്റെ ഉത്തരവാദിത്തം ആരുടേതാണെന്ന് ഇടതുമുന്നണി നേതൃത്വം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെയോ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയോ കുറ്റപ്പെടുത്താനില്ലെന്നും ഇരുവരെയും ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പറവൂർ എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘രാഷ്ട്രീയ പാർട്ടികൾക്ക് ന്യൂനപക്ഷങ്ങൾ മാത്രം മതി’

വോട്ട് ബാങ്കുകളെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ അധികാരത്തിലെത്താനും തുടരാനും കഴിയൂവെന്ന ചിന്തയാണ് രാഷ്ട്രീയ പാർട്ടികൾക്കെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രം പരിഗണിക്കുന്ന സാഹചര്യം ഉണ്ടായെന്നും ഭൂരിപക്ഷ വിഭാഗങ്ങൾ ആരുടെയും പരിഗണനയിലില്ലാത്ത അവസ്ഥയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെയും ജാതിയുടെയും പേരിൽ സംഘടിച്ചവർ പറയുന്ന മതേതരത്വം കാപട്യമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

ഹിന്ദുക്കൾ ആരാധിക്കുന്ന ഗണപതിയെ ‘മിത്ത്’ എന്ന് വിശേഷിപ്പിച്ചപ്പോഴും അയ്യപ്പനെ അപമാനിച്ചപ്പോഴും ശക്തമായ പ്രതിഷേധം ഉയർന്നില്ല. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ നേതൃത്വങ്ങളും വിവിധ സംഘടനകളും സ്വീകരിക്കുന്ന നിലപാടുകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img